കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് കാസര്‍ഗോഡ് ഗവ. കോളജിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
വരണാധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. കാസര്‍ഗോഡ് ഗവ. കോളജിലെ മൂന്നു കേന്ദ്രങ്ങളിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം ക്രമീകരണം ഒരുക്കുന്നുണ്ട്.
സ്ട്രോംഗ് റൂമുകളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്നതിന് പ്രത്യേകവും വോട്ടെണ്ണലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും വോട്ടെണ്ണല്‍ ഏജന്റുമാര്‍ക്കും പ്രവേശിക്കുന്നതിന് പ്രത്യേക വഴികളുമാണ് ഒരുക്കിയിട്ടുള്ളത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ത്രിതല സുരക്ഷാ പരിശോധന ഉണ്ടാവും.
വോട്ടെണ്ണലിനുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രളുടെ ഭാഗമായി കമ്യുണിക്കേഷന്‍ സെന്ററും മീഡിയ സെന്ററും സജ്ജീകരിക്കുന്നുണ്ട്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കാഞ്ഞങ്ങാട് ദുര്‍ഗാ സ്കൂളില്‍ നടക്കും.